Thursday, January 23, 2025
Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി; ആദ്യത്തെ മുന്നറിയിപ്പുമായി തമിഴ്നാട്

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽ എത്തി. ഇതിന് പിന്നാലെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ് നാട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം കനത്ത മഴയേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്‍റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 999 വർഷത്തേക്കാണ് കേരളം മുല്ലപ്പെരിയാറിന് തമിഴ്‌നാടിനു പാട്ടത്തിനു നല്‍കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന വെള്ളത്തില്‍ ഒരു നിശ്ചിത വീതം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമായാണ് ഉപയോഗിക്കുന്നത്. ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് ഇത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും മുല്ലപ്പെരിയാര്‍ അണക്കെട്ടിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *