‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി
ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി.
സത്യം പറഞ്ഞാൽ എനിക്ക് വാക്കുകളില്ല, അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല…’വിശ്വസിക്കൂ’ ഹാർദിക് എന്നോട് പറഞ്ഞുകൊണ്ടിരുന്നു… അവസാനം വരെ നിൽക്കുക. ഷഹീൻ പവലിയൻ എൻഡിൽ നിന്ന് പന്തെറിഞ്ഞപ്പോൾ ഞാൻ സ്വയം സംസാരിക്കാൻ തുടങ്ങി. അവരുടെ പ്രധാന ബൗളറായ ഹാരിസ് റൗഫിനെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞാൽ പാകിസ്താൻ പരിഭ്രാന്തരാകുമെന്ന് എനിക്ക് തോന്നി. ആ രണ്ട് സിക്സറുകൾ അടിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ഈ ചിന്തയാണ്.” – മത്സരശേഷം വികാരഭരിതനായ കോലി പറഞ്ഞു.
“അത് വളരെ സവിശേഷമായ ഒരു നിമിഷമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൊഹാലി (2016 ടി20 ലോകകപ്പ്) ഇന്നിംഗ്‌സാണ് എന്റെ ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അന്നെനിക്ക് 52 പന്തിൽ 82 റൺസ് നേടാൻ സാധിച്ചു. എന്നാൽ ഇന്ന് എനിക്ക് 53 ൽ നിന്ന് 82 റൺസ് നേടാൻ കഴിഞ്ഞു. കളിയുടെ വ്യാപ്തിയും സാഹചര്യവും കണക്കിലെടുത്തു ഇന്നത്തെ ഇന്നിംഗ്സ് ഏറ്റവും മികച്ചതായി ഞാൻ കരുതുന്നു. ഇത് അസാധ്യമാണെന്ന് തോന്നി, പക്ഷേ ഹാർദിക് എന്നെ ആഴത്തിൽ പ്രേരിപ്പിച്ചു… ഒടുവിൽ അത് സംഭവിച്ചു…”- കോലി കൂട്ടിച്ചേർത്തു.