റോസ്‌ലിയുടെ ഫോണും ബാഗും കണ്ടെത്തി; പത്മയുടെ ഫോണിനും പാദസരത്തിനും വേണ്ടി തിരച്ചില്‍; ശരീരഭാഗങ്ങള്‍ ചേര്‍ത്തു പരിശോധന നടത്തും
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി പൊലീസ് ഇന്നും തിരച്ചില്‍ നടത്തും.ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാദസരം ഈ ഭാഗത്ത് വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയത്.
ഇലന്തൂരില്‍ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍വെച്ച് പത്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കിയിരുന്നു. തിരികെ എറണാകുളത്തേക്കു പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനം നിര്‍ത്തി പാദസരം കനാലിലേക്കു വലിച്ചെറിഞ്ഞുവെന്നുമാണ് ഷാഫി മൊഴി നല്‍കിയതെന്നാണ് വിവരം.
പത്മയുടെ ഫോണ്‍ കണ്ടെത്താനായി ഭഗവല്‍ സിങ് ചൂണ്ടിക്കാണിച്ച തോട്ടില്‍ രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചില്ല. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപത്തെ തോട്ടിലാണ് തിരച്ചില്‍ നടത്തിയത്. പത്മയെ കൊലപ്പെടുത്തിയശേഷം അവരുടെ മൊബൈല്‍ ഫോണ്‍ ഈ തോട്ടിലേക്ക് വലിച്ചറിഞ്ഞെന്ന് ഭഗവല്‍ സിങ്ങ് മൊഴി നല്‍കിയത്.
അതേസമയം കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇവ എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പൊലീസിനു ലഭിച്ചത്.
പ്രതികളായ ഭഗവല്‍സിങ്ങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തി. റോസ്‌ലിയെയും പത്മയെയും കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ പത്തനംതിട്ട നഗരത്തിലെ കടയിലും ഇലന്തൂര്‍ ജംക്ഷനില്‍ പ്ലാസ്റ്റിക് കയറും മറ്റും വില്‍ക്കുന്ന കടയിലും കാര്‍ഷികോപകരണ വില്‍പനശാലയിലും തെളിവെടുപ്പ് നടത്തി. അതിനിടെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതല്‍ രക്ത സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്‌ലിയുടെ മകളുടെയും രക്തസാംപിളുകളുമാണ് വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് ശരീരഭാഗങ്ങള്‍ ചേര്‍ത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിക്കും.