Friday, January 10, 2025
National

മതപരിവർത്തന പരിപാടിയിൽ പങ്കെടുത്തത് വിവാദമാക്കി ബിജെപി; ദില്ലി സാമൂഹിക ക്ഷേമ മന്ത്രി രാജിവെച്ചു

ദില്ലി: മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ദില്ലി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. വിജയ ദശമി ദിനത്തിൽ നിരവധി പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ മന്ത്രി പങ്കെടുത്തതാണ് വിവാദമായത്. ഹിന്ദു ദേവതകളെയും ദേവൻമാരെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നുമെന്ന പ്രതിജ്ഞ, മന്ത്രി ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതായും ആരുടെയെങ്കിലും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ധർമ്മചക്ര പരിവർത്തൻ ദിനത്തിന്റെ ഭാ​ഗമായി നടത്തിയ ചടങ്ങ് 1956 ഒക്ടോബറിൽ‌ ഡോ അംബേദ്കർ ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ സ്മരണക്കായാണ് നടത്തിയത്. അന്ന് അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകളാണ് ഈ ചടങ്ങിൽ ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ​ഗൗതം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തത്.  “ഞാൻ ബ്രഹ്മാവിൽ വിശ്വസിക്കില്ല, വിഷ്ണു, മഹേശ്വരന്മാരിലും വിശ്വസിക്കില്ല, അവരെ  ആരാധിക്കുകയുമില്ല”. മന്ത്രിയുടെ ഈ പ്രതിജ്ഞയാണ് ബിജെപി വിവാദമാക്കിയത്. അത് ഹിന്ദുത്വത്തെയും ബുദ്ധിസത്തെയും അപമാനിക്കുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. എഎപി മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. അ​ദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ വിഷം വമിപ്പിക്കുന്നു എന്ന പേരിലാണ് വിവാദ വീഡിയോ ബിജെപി ട്വീറ്റ് ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *