യാത്രക്കായി ട്രാക്ടർ ഉപയോഗിക്കരുത്’; ജനങ്ങളോട് അഭ്യർഥിച്ച് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചതിന് പിന്നാലെ, ട്രാക്ടർ യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക ജോലികൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടർ ഉപയോഗിക്കുകയെന്നും ആളുകൾക്ക് സഞ്ചരിക്കാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം 50ഓളം പേരുമായി പേരുമായി ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടർ കാൺപൂരിലെ ഘതംപൂർ മേഖലയിൽ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നത്തിയത്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം നൽകും.