Friday, January 10, 2025
Kerala

വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികളെ മർദിച്ചവരിൽ വധശ്രക്കേസിലെ പ്രതിയും; 2 പേർകൂടി പിടിയിൽ

വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് വധശ്രമ കേസിലെ പ്രതിയാണ്.
സ്കൂൾ കുട്ടികളെ മർദ്ദിച്ച മനീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 4നാണ് വെള്ളാണിക്കൽ പാറ കാണാനെത്തിയ കുട്ടികളെ സംഘം തടഞ്ഞു നിർത്തി മർദ്ദിച്ചത്. നിസാര വകുപ്പുകൾ ചുമത്തി പ്രതി മനീഷിനെ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമായിരുന്നു. റൂറൽ എസ്.പി ഇടപെട്ട് തുടരന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് നിലവിൽ കേസന്വേഷിക്കുന്നത്.

വഴിയാത്രക്കാർ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ ഇക്കഴിഞ്ഞ 4 ന് നടന്ന സംഭവം നാടറിയുന്നത്‌. നാലിന്‌ വൈകിട്ട്‌ മൂന്നോടെയാണ്‌ സംഭവം നടന്നത്. പോത്തൻകോട് സ്കൂളിലെ വിദ്യാർഥികൾ സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു. ഇതിനു സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽപാറ കാണാൻ പോയപ്പോഴാണ്‌ മർദനമേറ്റത്‌. ശ്രീനാരായണപുരം കമ്പിളി വീട്ടിൽ കോണത്ത് വീട്ടിൽ മനീഷിന്റെ(സൈക്കിൾ ഉമ്പിടി) നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ ചോദ്യംചെയ്യുകയും മർദിക്കുകയുംചെയ്‌തത്‌.

ഓടിച്ചിട്ട്‌ വടികൊണ്ട് കൈയിലും കാലിലും അടിക്കുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌. മൂന്നു പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമാണ് മർദനമേറ്റത്. മർദിക്കുന്നത് ചോദ്യംചെയ്ത നാട്ടുകാരെയും വഴിയാത്രക്കാരെയും മദ്യലഹരിയിലായിരുന്ന മനീഷും സംഘവും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *