Thursday, April 10, 2025
Movies

സൂര്യ ചിത്രം ‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത്

സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’ ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

മാധവന്‍ നായകനായ ‘ഇരുതി സുട്രു’വിന് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്. എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മ്മിക്കുന്നത്. ‘ആകാശം നീ ഹദ്ദു’ എന്ന പേരില്‍ ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റവും ചെയ്യുന്നുണ്ട്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒടിടി റിലീസിന്റെ പേരില്‍ തമിഴ് സിനിമാ സംഘടനകളും തിയേറ്ററുടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ജ്യോതിക നായികയായ സൂര്യ നിര്‍മ്മിച്ച സിനിമ ‘പൊന്‍മകള്‍ വന്താല്‍’ ഒടിടി റിലീസ് ചെയ്തതോടെ സൂര്യയുടെ ചിത്രങ്ങള്‍ ഇനിയൊരിക്കലും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *