ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം; കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്ക്
തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചു എന്നും ബൂട്ടിട്ട് മർദിച്ചു എന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതിനൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
ആദ്യം അവർ കവിളത്തടിച്ചു എന്ന് വിദ്യാർത്ഥി പറയുന്നു. ഒരാൾ പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി അടിച്ചു. പാത്രം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ട് അപ്പുറത്തെ മുറിയിൽ കൊണ്ടുപോയി ഇടിച്ചു. കൈ കയറുകൊണ്ട് കെട്ടി എന്നും വിദ്യാർത്ഥി പറഞ്ഞു. അതേസമയം, പൊലീസിൽ പരാതിപ്പെടാൻ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പൊവർ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. തങ്ങൾ ഈ കുട്ടികളെ മാറ്റാൻ ആവശ്യപ്പെട്ട് സിഡബ്ല്യുസിയ്ക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോൾ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു. ഇതിൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ അവർ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല.
ഈ മാസം ആറിന് ഓണാഘോഷത്തിനിടെയാണ് ശ്രീചിത്ര പുവർ ഹോമിൽ 14കാരന് മർദനമേൽക്കുന്നത്. വിവരം കുട്ടി ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ, ഈ മാസം 10ന് വീട്ടിലേക്ക് അവധിയിൽ എത്തിയപ്പോൾ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി വീട്ടുകാർക്ക് ആശങ്കയായി. വിവരം അന്വേഷിച്ചപ്പോൾ കുട്ടി ഈ മർദനത്തിൻ്റെ കാര്യം പറഞ്ഞു. ഇരുമ്പുവടി അറ്റത്തുവരുന്ന ചൂല് കൊണ്ട് മർദിച്ചു എന്നും ബൂട്ടിട്ട് ചവിട്ടി എന്നും കുട്ടി പറയുന്നു. 10ന് നെടുമങ്ങാട് ആശുപത്രിയിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം വകുപ്പുമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്.