ഏകാധിപതികൾ വർധിക്കുന്നു, മാധ്യമപ്രവർത്തനം വെല്ലുവിളിയാകുന്നു; വി.ഡി സതീശൻ
ഏകാധിപതികളായ ഭരണാധികാരികൾ വർധിച്ചു വരുകയാണെന്നും മാധ്യമപ്രവർത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. കള്ളക്കേസെടുത്ത് പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകൂടത്തെ എതിർക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രം. കേരളത്തിലെ ഭരണകൂടവും ഭയം സൃഷ്ടിക്കുന്നുണ്ട്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടുന്ന തന്ത്രമാണ് കേരളത്തിൽ പയറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാൻ അവസരമില്ലാത്ത അവസ്ഥയാണ്. പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ട് ഇരിക്കാൻ മാത്രമേ സാധിക്കൂ.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ സ്റ്റേജ് മാനേജ്‌മെന്റ്. 7 മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് പറയുന്നത്. അത്തരം ഉപദേശങ്ങൾ നൽകുന്നവരോട് നല്ല നമസ്കാരമാണ് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.