വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി ; സിബിഐക്ക് തിരിച്ചടി
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്. 2021 ഡിസംബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. എന്നാൽ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന വാദത്തിൽ അമ്മ ഉറച്ച് നിന്നു.
‘സിബിഐ കുറ്റപത്രം തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ മക്കളുടേത് കൊലപാതകം തന്നെയാണ്. ഞങ്ങൾക്ക് അറിയാവുന്ന രീതിയിലെല്ലാം ഞങ്ങൾ പറഞ്ഞുനോക്കി. അവരതൊന്നും ചെവികൊണ്ടിരുന്നില്ല. ഇനി അന്വേഷിക്കുന്നവരെങ്കിലും സത്യസന്ധമായി അന്വേഷിക്കണം. നേരത്തെ അന്വേഷിച്ച സിബിഐ സംഘം സോജന്റെ അതേ വഴിയിലൂടെയാണ് പോയത്. ഞങ്ങളുടെ സംശയങ്ങളൊന്നും സിബിഐ ചെവികൊണ്ടില്ല. അതേ കുറിച്ച് അന്വേഷിച്ചില്ല. മക്കളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എടുത്ത് നോക്കിയാൽ അറിയാം കൊലപാതകമാണെന്ന്’- വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.