Saturday, October 19, 2024
National

കെ-റെയിൽ; വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്ര സർക്കാർ

കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്പന്ധിച്ച വിവരങ്ങളിൽ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം നല്കുന്ന വിശദീകരണം പരിശോധിച്ച് മാത്രമെ കെ-റെയിലിന് അനുവാദം നൽകൂ. കെ-റെയിലിന് അനുവാദം നൽകിയാൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ സംസ്ഥാനത്ത് സാധ്യമല്ലാതാവും. കേന്ദ്രസർക്കാർ രേഖാമൂലമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിക്കാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാർ. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താം.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.

 

Leave a Reply

Your email address will not be published.