കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥി; നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് അര്‍ഷലെന്ന് മന്ത്രി എംവി ഗോവിന്ദന്‍
കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍. അര്‍ഷലിനെ ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി.
രണ്ടുമണിക്കൂറോളമാണ് അര്‍ഷല്‍ കണ്ണവത്തെ കൊടുംവനത്തില്‍ അലഞ്ഞത്. മഴ കുറഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അര്‍ഷലിനെ കണ്ടെത്തിയത്. ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ എട്ട് വയസുകാരന്‍. മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍ അര്‍ഷല്‍ മാതൃകയാണെന്നും മന്ത്രി കുറിച്ചു.
നിലവില്‍ പെരിന്തോട് വേക്കളം എയുപി സ്‌കൂളിലെ ദുരുതാശ്വാസ ക്യാമ്പിലാണ് അര്‍ഷലും കുടുംബവും. കൊമ്മേരി ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അര്‍ഷല്‍. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഗോവിന്ദന്‍ അര്‍ഷലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.