Thursday, January 9, 2025
Kerala

ശക്തമായ മഴ തുടരുന്നു; ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്.

മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. അതിരപ്പള്ളി വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം അടച്ചു. വനത്തിലെ ട്രക്കിങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തി. മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടി. ചിറ്റാര്‍പാലത്തില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളമെത്തിയതോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു.

സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്‍റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെന്‍റീ മീറ്റർ ഉയർത്തി. പെരിങ്ങൾക്കുത്ത് ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *