ഏഴാം നമ്പർ ജേഴ്സി മറ്റാർക്കും നൽകരുതെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകമാകും
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്സി മറ്റാർക്കും നൽകരുതെന്ന് സഹതാരം ദിനേശ് കാർത്തിക്. ബിസിസിഐയോടാണ് ദിനേശ് കാർത്തിക്ക് ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഏകദിന ക്രിക്കറ്റിൽ നിന്നും 7ാം നമ്പർ ജേഴ്സി പിൻവലിക്കണമെന്നതാണ് ആവശ്യം. 2019 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ നിന്ന് ഇന്ത്യ പുറത്തായ ശേഷം ഇരുവരും ചേർന്നെടുത്ത ചിത്രം സഹിതമാണ് കാർത്തിക്കിന്റെ ട്വീറ്റ്.
ക്രിക്കറ്റിൽ നിന്ന് ജേഴ്സി പിൻവലിക്കാനുള്ള അധികാരം ബിസിസിഐക്കുണ്ട്. ഐസിസി ഇതിന് തടസ്സം നിൽക്കാനും സാധ്യതയേറെയാണ്. നേരത്തെ സച്ചിനോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി പിൻവലിച്ചിരുന്നു. കാർത്തികിന്റെ ആവശ്യത്തിന് പിന്നാലെ നിരവധി ആരാധകരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ബിസിസിഐ തീരുമാനമാകും നിർണായകമാകുക