കരിമ്പയിലെ സദാചാര ആക്രമണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി; ആശങ്കയില്‍ മാതാവ്
പാലക്കാട് കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി. പരുക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവ് പറഞ്ഞു. ശരീരമാകെ മര്‍ദനമേറ്റതിനാല്‍ താന്‍ ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വരികയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. പതിനൊന്ന് മണിയോളം താന്‍ തളര്‍ന്ന് ഉറങ്ങിപ്പോയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
ദിവസത്തിന്റെ ഭൂരിഭാഗം സമയവും തനിക്ക് കട്ടിലില്‍ കിടക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അമ്മ വന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല. ഒരു വിധത്തില്‍ പല്ലുതേച്ച് വീണ്ടും ക്ഷീണം കൊണ്ട് അതേനിലയില്‍ കിടന്നുപോയെന്ന് വിദ്യാര്‍ത്ഥി വിശദീകരിച്ചു. തോളിലും പിന്‍ഭാഗത്തും നന്നായി വേദനയുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
Read Also: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലുള്ള മാറ്റമെന്ന് കെ സി വേണുഗോപാല്‍
വിദ്യാര്‍ത്ഥി ഈ വിധം ക്ഷീണിതനായി തുടരുന്നതിനാല്‍ വീട്ടുകാര്‍ കടുത്ത ആശങ്കയിലാണുള്ളത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകൂടിയായ മകന്‍ പൊതുവേ ആരോഗ്യവാനാണെന്നും പെട്ടെന്ന് കുട്ടി ഈ വിധം ക്ഷീണത്തോടെ കിടപ്പുതുടരുന്നതിനാല്‍ ആശങ്കയിലാണെന്നും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ അതിരാവിലെ മകന്‍ എഴുന്നേല്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ വൈകിയിട്ടും മകന്‍ കട്ടിലില്‍ തന്നെ തുടരുന്നതിനാല്‍ താന്‍ ഭയപ്പെട്ടുപോയെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് കൂട്ടിച്ചേര്‍ത്തു.