വിലക്കയറ്റം അതിരൂക്ഷം, ഒരു കിലോ അരിക്ക് 448 രൂപ; ശ്രീലങ്കയിൽ കലാപവുമായി ജനം തെരുവിൽ
ശ്രീലങ്കയിൽ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റിനെതിരെ കലാപവുമായി ജനം തെരുവിലിറങ്ങി. ലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു
യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അരി കിലോക്ക് 448 ശ്രീലങ്കൻ രൂപയും ഒരു ലിറ്റർ പാലിന് 263 ലങ്കൻ രൂപയുമാണ്. ഇത് യഥാക്രമം 128 ഇന്ത്യൻ രൂപയും 75 ഇന്ത്യൻ രൂപയുമാണ്
പെട്രോളിനും ഡീസലിനും നാൽപത് ശതമാനം വില വർധിപ്പിച്ചു. ഇതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. പെട്രോൾ ലഭിക്കാൻ പമ്പുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. 238 ശ്രീലങ്കൻ രൂപയാണ് പെട്രോളിന്.