ആരോഗ്യ മേഖലക്ക് 2629 കോടി; ലൈഫ് പദ്ധതിയിൽ ഒരുലക്ഷത്തി ആറായിരം വീടുകൾ കൂടി
സംസ്ഥാനത്ത് ഒരു ലക്ഷത്തി ആറായിരം വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2909 ഫ്‌ളാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ
ആരോഗ്യമേഖലക്കായി 2629 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി. ആർ സി സിയെ സംസ്ഥാന കാൻസർ സെന്ററാക്കും. ഇതിനായി 81 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളജുകൾക്ക് 250 കോടി. തോന്നക്കൽ വൈറോളജി കേന്ദ്രത്തിന് 50 കോടി. സ്വാന്ത്വന പരിപാലനത്തിന് 5 കോടി രൂപ.
മലബാർ ക്യാൻസർ സെന്ററിന് 427 കോടി ചെലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു.
ജില്ലകളിൽ നൈപുണ്യ പാർക്കിന് 350 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിലെ മെനുവിൽ മുട്ടയും പാലും ഉൾപ്പെടുത്തും. ആഴ്ചയിലെ രണ്ട് ദിവസം മുട്ടയും പാലും നൽകും. ഇതിനായി 65 കോടി.
റബർ സബ്ഡിസിക്ക് 500 കോടി അനുവദിച്ചു. കെ എസ് ആർ ടി സിക്ക് ഈ വർഷം ആയിരം കോടി രൂപ സഹായം നൽകും. ഓട്ടോറിക്ഷകൾ ഇ ഓട്ടോയിലേക്ക് മാറാൻ വണ്ടി ഒന്നിന് 15,000 രൂപ സബ്‌സിഡി നൽകും. പദ്ധതിയുടെ അമ്പത് ശതമാനം ഗുണഭോക്താക്കൾ വനിതകളായിരിക്കും.
കൊച്ചിയിൽ പുതിയ റോ റോ സർവീസ് അനുവദിക്കും
യുക്രൈനിൽ നിന്ന് മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം നൽകും. ഇവരുടെ പ്രശ്‌നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി. ഇതിനായി 10 കോടി അനുവദിച്ചു. ട്രാൻസ്ജൻഡർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി. വയോജനങ്ങൾക്കുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി.