മൊഹാലിയിൽ റൺസ് പൂരം, റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ ഒന്നാം ദിനം 6ന് 357 റൺസ്
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിംഗ് അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം അവസാനിപ്പിച്ചത്. ജഡേജയും അശ്വിനുമാണ് ക്രീസിൽ. 4.20 ശരാശരിയിലാണ് ഇന്ത്യ ഒന്നാം ദിനം റൺസ് അടിച്ചൂകൂട്ടിയത്. അവസാന പത്തോവറിൽ മാത്രം ഇന്ത്യ 80 റൺസ് എടുത്തു.
റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടപ്പെട്ടതാണ് ആരാധകരെ നിരാശരാക്കിയത്. ഏകദിന ശൈലിയിൽ ബാറ്റേന്തിയ പന്ത് 97 പന്തിൽ നാല് സിക്‌സും ഒമ്പത് ഫോറും സഹിതം 96 റൺസെടുത്തു പുറത്തായി. ഹനുമ വിഹാരി 58 റൺസെടുത്തു.
നൂറാം ടെസ്റ്റ് മത്സരം കളിച്ച വിരാട് കോഹ്ലി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 45 റൺസിന് പുറത്തായി. രോഹിത് 29 റൺസും മായങ്ക് അഗർവാൾ 33 റൺസുമെടുത്തു. ശ്രേയസ്സ് 27 റൺസിന് പുറത്തായി. 45 റൺസുമായി ജഡേജയും 10 റൺസുമായി അശ്വിനും ക്രീസിൽ തുടരുകയാണ്
ലങ്കക്ക് വേണ്ടി ലസിത് എംബുൽഡനിയ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ലാക്മൽ, ഫെർണാണ്ടോ, ലഹിരു കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റെടുത്തു