പ്രഭാത വാർത്തകൾ
🔳റഷ്യ യുക്രെയിനില്‍ അണ്വായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്നു. ബെലാറസിലെ സന്ധി ചര്‍ച്ച നടക്കുന്നതിനിടെ യുക്രെയിനിനെതിരേ സമ്മര്‍ദവുമായാണ് അണ്വായുധ ഭീഷണി. യുക്രെയിന്‍ ശക്തമായി ചെറുത്തുനില്‍ക്കുന്നതിനാലാണ് അണ്വായുധ പ്രയോഗത്തിനു തയാറാകാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേസമയം, ഇതുവരെ 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍. റഷ്യയുടെ 27 വിമാനങ്ങളും 26 ഹെലികോപ്റ്ററും 146 ടാങ്കുകളും 706 സൈനിക വാഹനങ്ങളും തകര്‍ത്തെന്നും യുക്രെയിന്‍ അവകാശപ്പെട്ടു.
🔳ബെലാറസില്‍ സന്ധി ചര്‍ച്ച. റഷ്യയുടെ ക്ഷണമനുസരിച്ച് യുക്രൈന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തി നേരത്തെത്തന്നെ എത്തിയ റഷ്യന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യന്‍ പക്ഷത്തുള്ള രാജ്യമാണ് ബെലാറൂസ്. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.
🔳സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍. തിയേറ്ററുകളില്‍ എല്ലാ സീറ്റിലും പ്രവേശനം അനുവദിച്ചു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കി. പൊതുയോഗങ്ങളില്‍ 1500 പേരെ വരെ പങ്കെടുപ്പിക്കാം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി.
🔳യുക്രെയിനില്‍ കുടുങ്ങിയിരുന്ന 82 മലയാളികള്‍ ഇന്നലെ നാട്ടിലെത്തി. നാലു വിമാനങ്ങളിലായി 908 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. കൂടുതല്‍ പേരെ തിരികേ കൊണ്ടുവരാന്‍ നടപടികള്‍ തുടരും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ഉന്നതതല യോഗം വിളിച്ചു. രാത്രി ഒമ്പതിന് ആരംഭിച്ച യോഗം രണ്ടു മണിക്കൂറോളം നീണ്ടു. പതിനയ്യായിരം പേരെ തിരികേ കൊണ്ടുവരേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
🔳കേരളത്തില്‍നിന്ന് രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ യുക്രെയിനില്‍ പഠിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്കവരും എംബിബിഎസ് പഠിക്കാനാണ് അവിടെ പോയത്. ഇന്ത്യക്കാരായ 18,095 വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ ഉപരിപഠനം നടത്തുന്നതെന്നാണ് യുക്രെയിന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
🔳യുക്രെയിനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുഖ്യമന്ത്രി കത്തയക്കുന്നത്. കിഴക്കന്‍ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
🔳യുക്രെയിനില്‍നിന്നു വരുന്നവര്‍ക്കു ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജുകളും പ്രധാന സര്‍ക്കാര്‍ ആശുപത്രികളും വഴി വിദഗ്ധ ചികിത്സ ഉറപ്പാക്കും. മന്ത്രി വ്യക്തമാക്കി.
🔳ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ചക്രവാതച്ചുഴി രണ്ടു ദിവസത്തിനകം ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത.
🔳സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊച്ചിയില്‍ തുടക്കം. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാലാം തീയതി സമ്മേളനം സമാപിക്കും.
🔳ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് പ്രക്ഷോഭത്തിന്. മാര്‍ച്ച് നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലും എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടറേറ്റുകളിലും ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയും പൊലീസും സിപിഎമ്മും തിരുത്തണമെന്ന് ആവശ്യപ്പെട്ടാണു യുഡിഎഫ് പ്രക്ഷോഭമെന്നും ഹസന്‍ വിവരിച്ചു.
🔳കോഴിക്കോട് നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോയറോഡ് പള്ളിക്കു സമീപം പള്ളിക്കണ്ടി അര്‍ഷാദ് എന്നയാള്‍ക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണു വെട്ടിയത്. കുടിപ്പക ഏറ്റുമുട്ടലുകള്‍ തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
🔳നാളെ മഹാശിവരാത്രി. ആലുവാ മണപ്പുറത്തും ശിവക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍. ആലുവായില്‍ എത്തുന്നവര്‍ക്കു മെട്രോ ട്രെയിന്‍ അടക്കമുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം കഴിഞ്ഞ രണ്ടു വര്‍ഷം ശിവരാത്രിക്കു പൊതുപരിപാടികളൊന്നും അനുവദിച്ചിരുന്നില്ല.
🔳സംസ്ഥാനത്ത് സ്വര്‍ണ വില രണ്ടാഴ്ചയ്ക്കകം 45,000 രൂപയാകാന്‍ സാധ്യതയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍. ബാങ്കുകളില്‍ നിന്ന് വ്യാപാരികള്‍ വാങ്ങുന്ന സ്വര്‍ണ നിരക്ക് ഉയര്‍ന്നേക്കും.
🔳തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ ഇന്നലെയുണ്ടായ തീപിടുത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയില്‍ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ സാധിക്കാതെ പോയത്.
🔳ലോഡ്ജ് മുറിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തം വാര്‍ന്ന് യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ് (28) ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീനാഥിനെ ശസ്ത്രക്രിയക്കു വിധേയരാക്കിയ ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ അറസ്റ്റുചെയ്തു.
🔳രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിനായി കാശിയില്‍ പ്രാര്‍ഥന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്ന് മോദി പറഞ്ഞു. വാരണാസിയില്‍ തെരഞ്ഞെടുപ്പു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷിര്‍ ആസാദ് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
🔳ഇഷ്ടിക ചൂളയില്‍നിന്ന് 26.11 കാരറ്റ് വജ്രം. വിറ്റപ്പോള്‍ കിട്ടിയത് 1.62 കോടി രൂപ. മൊത്തം 88 വജ്രങ്ങളാണു കിട്ടിയത്. ഇതെല്ലാം വിറ്റപ്പോള്‍ ഇഷ്ടിക ചൂള നടത്തിപ്പുകാരനു ലഭിച്ചത് 1.89 കോടി രൂപ. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന പന്നയില്‍ ലേലം നടന്നത്.
🔳യുക്രെയിനിലുള്ള ഇന്ത്യക്കാരെ കൂടുതല്‍ സുരക്ഷിതമായ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കു മാറ്റുന്നു. ഇതിനായി കീവില്‍നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഒരുക്കി. യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.
🔳ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സര്‍ക്കാര്‍. അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പോളണ്ട് സൈന്യം തടഞ്ഞതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം എംബസിയുടെ ഇടപെടലുകളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടല്‍.
🔳യുക്രെയിനില്‍നിന്ന് രണ്ടായിരത്തിലേറെ ഇന്ത്യാക്കാര്‍ അതിര്‍ത്തി കടന്നെന്ന് വിദേശകാര്യ സെക്രട്ടറി. പോളണ്ട് അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്നുണ്ട്. ഇതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇന്ത്യക്കാര്‍ പോളണ്ട് അതിര്‍ത്തിയിലേക്കല്ല, ഹംഗറി അതിര്‍ത്തിയിലേക്ക് എത്തുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാര്‍ഖിവ്, സുമി, ഒഡേസ മേഖലയിലുള്ളവര്‍ അവിടെത്തന്നെ തങ്ങണം. ഒഡേസയിലുള്ളവരെ മള്‍ഡോവ വഴി ഒഴിപ്പിക്കും. റഷ്യന്‍ അതിര്‍ത്തിയിലൂടെ ഒഴിപ്പിക്കലിനായി അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കും. ഇതിനുള്ള ചര്‍ച്ച നടത്തുന്നുണ്ട്. യുക്രെയിന്‍ സൈനികര്‍ മോശമായി പെരുമാറുന്നത് യുക്രെയിന്‍ അംബാസഡറുടെ ശ്രദ്ധയില്‍പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
🔳റഷ്യയുടെ ആക്രമണത്തില്‍ രണ്ട് ആണവ നിലയങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടായെന്ന് യുക്രെയിന്‍. ആണവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്ള കീവ്, ഖാര്‍കീവ് മേഖലകളിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
🔳യുക്രൈന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ. റഷ്യക്കു പുറമേ, ബെലാറൂസിനെതിരേ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.
🔳റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തിനു കാരണം അമേരിക്കയാണെന്ന് ഉത്തര കൊറിയ. അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകളുമാണ് യുദ്ധത്തിനു കാരണമെന്ന് ഉത്തര കൊറിയ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കുറിപ്പില്‍ കുറ്റപ്പെടുത്തി.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ കീഴടക്കി എ.ടി.കെ. മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാന് 18 മത്സരങ്ങളില്‍ നിന്ന് 34 പോയന്റായി. നാലാമതുള്ള മുംബൈയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 31 പോയന്റും അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് 30 പോയന്റുമാണുള്ളത്.
🔳ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി 20 യില്‍ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ശ്രേയസ് 45 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
🔳കേരളത്തില്‍ ഇന്നലെ 34,680 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 8,308 കോവിഡ് രോഗികള്‍. നിലവില്‍ 1,03,026 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.37 കോടി കോവിഡ് രോഗികള്‍.
🔳മാര്‍ച്ച് 31 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചിക നിഫ്റ്റി 50 ല്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കി പകരം അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിനെ ഉള്‍പ്പെടുത്തും. എന്‍എസ്ഇ സൂചികകളുടെ ഇന്‍ഡെക്സ് മെയിന്റനന്‍സ് സബ് കമ്മിറ്റി ഇക്വിറ്റി (ഐഎംഎസ്സി) ഇതിനെ ആനുകാലിക അവലോകനത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. നിഫ്റ്റി 50 കൂടാതെ നിഫ്റ്റി നെക്സ്റ്റ് 50 ഉള്‍പ്പെടെ പല സൂചികകളിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. വണ്‍ 97 കമ്മ്യുണിക്കേഷന്‍ (പേടിഎം ഉടമ), എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്, സൊമാറ്റോ, ഇന്ത്യന്‍ ഓയില്‍ എന്നിവ നിഫ്റ്റി നെക്സ്റ്റ് 50 യില്‍ ഇടം കണ്ടെത്തും. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്, അരബിന്ദോ ഫാര്‍മ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, യെസ് ബാങ്ക് എന്നിവയെ നിഫ്റ്റി നെക്സ്റ്റ് 50 യില്‍ നിന്ന് ഒഴിവാക്കും.
🔳റഷ്യയില്‍ ഉടന്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്. റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ്നെഫ്റ്റ് ഓയില്‍ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഒഐഎല്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഒഐഎല്ലിന്റെ പ്രസ്താവന. ഓയില്‍ മേഖലയിലെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതുവരെ 16 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് റഷ്യയില്‍ നടത്തിയിരിക്കുന്നത്. റോസ്നെഫ്റ്റിന്റെ ഒരു ഉപസ്ഥാപനത്തില്‍ ഒഐഎല്‍, ഐഒസി, ഭാരത് പെട്രോറിസോഴ്സസ് എന്നിവയുടെ കണ്‍സോഷ്യത്തിന് 29.9 ശതമാനം ഓഹരികളാണുള്ളത്.
🔳അലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായി കത്തിയവാടിക്ക് ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തേക്കാള്‍ അധികം കളക്ഷനാണ് ശനിയാഴ്ച ലഭിച്ചിരിക്കുന്നത്. 10.50 കോടിയായിരുന്നു ആദ്യ ദിനത്തിലെ കളക്ഷന്‍. ശനിയാഴ്ച പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്ന് 23.82 കോടി. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്. ശന്തനു മഹേശ്വരി, വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ, വരുണ്‍ കപൂര്‍, ജിം സര്‍ഭ്, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി, രാഹുല്‍ വോറ, ആന്‍മോള്‍ കജനി, പ്രശാന്ത് കുമാര്‍, റാസ മുറാദ്, ഛായ കദം, മിതാലി, പല്ലവി യാദവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
🔳തങ്ങളുടേതായ വഴി വെട്ടി പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടം പിടിച്ച കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ് കരിക്ക്. പലപ്പോഴും നീണ്ട ഇടവേളകളിലാണ് കരിക്കിന്റെ പുതിയ വീഡിയോകള്‍ എത്താറ്. ഇപ്പോഴിതാ പുതിയൊരു വെബ് സിരീസുമായി എത്തുകയാണ് അവര്‍. സാമര്‍ത്ഥ്യ ശാസ്ത്രം എന്നു പേരിട്ടിരിക്കുന്ന സിരീസിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നിലീന്‍ സാന്ദ്ര രചന നിര്‍വ്വഹിച്ചിരിക്കുന്ന സിരീസിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷ് ആണ്. ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🔳ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കഴിഞ്ഞ വര്‍ഷമാണ് സി5 എയര്‍ക്രോസ് എസ്യുവി വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള സിട്രോണില്‍ നിന്നുള്ള അടുത്ത ഉല്‍പ്പന്നം സി3 കോംപാക്റ്റ് എസ്യുവിയാണ്. ഈ വര്‍ഷം ജൂണോടെ ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. സിട്രോണ്‍ ഇതിനകം തന്നെ സി3 കോംപാക്റ്റ് എസ്യുവി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പതിപ്പിനെ അപേക്ഷിച്ച് ഇന്ത്യ സി3 എസ്യുവിക്ക് ചില മാറ്റങ്ങളുണ്ടാകും.
🔳അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ‘കന്യാ മരിയ’. ലാജോ ജോസ്. ഡിസി ബുക്സ്. വില 179 രൂപ.
🔳ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും കരുതലെടുക്കുക. ധാരാളം വെള്ളം കുടിക്കുക. വൃക്കകളെ സംരക്ഷിച്ചുനിര്‍ത്താന്‍ സഹായകമായ ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സുകളില്‍ ഒന്നാമത്തേതാണിത്. മറ്റുള്ളവ – ആരോഗ്യകരമായ ഡയറ്റ് പാലിക്കുക. ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴിക്കുക. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം കുറയ്ക്കുക. രക്തസമ്മര്‍ദ്ദം അഥവാ, ബിപി എപ്പോഴും ‘നോര്‍മല്‍’ ആണെന്ന് ഉറപ്പുവരുത്തുക. ബിപി ഉയരുന്നത് ഹൃദയത്തിനും വൃക്കകള്‍ക്കുമെല്ലാം അപകടമാണ്. ബിപി ഉള്ളവരാണെങ്കില്‍ അതിന് കൃത്യമായ ചികിത്സയും ചെയ്യുക. പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പ്രോട്ടീന്‍ അധികമായി ലഭിക്കാന്‍ സപ്ലിമെന്റുകളെടുക്കുന്നവരുണ്ട്. പക്ഷേ പ്രോട്ടീന്‍ ലഭിക്കാനുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് അത്ര നല്ലതല്ല. പതിവായി വ്യായാമം ചെയ്യുക. ദിവസത്തില്‍ മുപ്പത് മിനുറ്റ് നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. നടത്തം, സൈക്ലിംഗ്, നീന്തല്‍ പോലുള്ള കാര്യങ്ങളായാലും മതി. എന്തിനും ഏതിനും പുറത്തുനിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന ശീലമുള്ളവരുണ്ട്. പ്രധാനമായും പെയിന്‍ കില്ലറുകള്‍. ഈ ശീലം ക്രമേണ വൃക്കകളെ പ്രതിസന്ധിയിലാക്കും. പ്രമേഹമുള്ളവരിലും ക്രമേണ വൃക്കരോഗങ്ങളെത്താറുണ്ട്. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വച്ചുപുലര്‍ത്തുക. വൃക്കകളെ മാത്രമല്ല കണ്ണുകളെയും നാഡികളെയും ഹൃദയത്തെയുമെല്ലാം പ്രമേഹം പ്രതികൂലമായി ബാധിക്കാം. ഷുഗര്‍ നിയന്ത്രിച്ചുതന്നെ മുന്നോട്ടുപോവുകയെന്നതാണ് ഇതിന് ഏക പരിഹാരം.
*ശുഭദിനം*
*കവിത കണ്ണന്‍*
സിംഹരാജാവിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കുന്ന ആ അണ്ണാറക്കണ്ണനോട് രാജാവിന് പ്രത്യേക മമത ഉണ്ടായിരുന്നു. രാജാവ് അണ്ണാറക്കണ്ണനോട് പറയും : നീ എന്റെ കൂടെ തന്നെ നിന്നാല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം വലിയൊരു പരിതോഷികം തരും. അതില്‍ നിന്റെ പ്രിയപ്പെട്ട ഭക്ഷണമെല്ലാം അതിലുണ്ടാകും. മറ്റുള്ളവര്‍ മരം ചാടിയും ഇഷ്ടമുള്ളതൊക്കെ തിന്നും നടക്കുന്നത് കാണുമ്പോള്‍ തനിക്കതിനു കഴിയുന്നില്ലല്ലോ എന്ന ചിന്ത അണ്ണാറക്കണ്ണന് ഉണ്ടാകുമെങ്കിലും ലഭിക്കാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്തു അവന്‍ അവിടെ തന്നെ നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കാന്‍ സമയമായപ്പോള്‍ രാജാവ് വിരുന്നൊരുക്കി. എല്ലാം അണ്ണാറക്കണ്ണന്‍ ആഗ്രഹിച്ച ഭക്ഷണങ്ങള്‍. പക്ഷെ പ്രായാധിക്യം കൊണ്ട് അവയൊന്നും തിന്നാനുള്ള ശേഷി അപ്പോള്‍ അണ്ണാന് ഉണ്ടായിരുന്നില്ല. മനുഷ്യരും ഇങ്ങനെയാണ്. പെന്‍ഷന് വേണ്ടി പണിയെടുക്കുന്നവരും ആത്മസംതൃപ്തിക്കു വേണ്ടി പണിയെടുക്കുന്നവരും ഉണ്ട്. വിശ്രമ വേതനത്തെ കുറിച്ച് ചിന്തിച്ചു ജീവിക്കുന്നവര്‍ തങ്ങളുടെ സേവന കാലഘട്ടത്തില്‍ പോലും ഏതെങ്കിലും കസേരകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നവരായിരിക്കും. ഓരോ പ്രവൃത്തിക്കും അതാതു സമയത്തു പ്രതിഫലം ലഭിക്കും. അത്തരം പ്രതിഫലങ്ങളാണ് അഭിനിവേശങ്ങളെ പിന്തുടരുന്നതിനുള്ള സൂചന. എല്ലാക്കാലത്തേയും ആനന്ദങ്ങള്‍ അവസാന കാലത്തേക്ക് നീട്ടിവെച്ച് ഇരട്ടിപ്പിക്കാന്‍ ജീവിതം ഒരു കൂട്ടുപലിശ കേന്ദ്രമല്ല. ഇന്നത്തെ സന്തോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാളയിലെ സന്തോഷങ്ങളെ മഹത്വവല്‍ക്കരിക്കരിക്കാതിരിക്കുക. നമുക്ക് ഇന്ന് തന്നെ സന്തോഷിക്കാന്‍ ശീലിക്കാം –