Thursday, January 23, 2025
World

രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു; യുക്രൈനിൽ ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

 

കിഴക്കൻ യുക്രൈനിലെ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈൻ. റഷ്യയുടെ ഷെല്ലാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും യുക്രൈൻ അറിയിച്ചു. യുക്രൈനെ വളഞ്ഞു ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്. വിമാനത്താവളങ്ങളെയും പെട്രോൾ സ്‌റ്റേഷനുകളെയുമാണ് റഷ്യൻ മിസൈലുകൾ കൂടുതലായും ലക്ഷ്യം വെക്കുന്നത്

ദക്ഷിണ റഷ്യയിലെ 12 വിമാനത്താവളങ്ങളുടെ പ്രവർത്തനം മാർച്ച് രണ്ട് വരെ നിർത്തിവെച്ചിട്ടുണ്ട്. രാവിലെ അഞ്ച് മണിയോടെയാണ് യുക്രൈനിൽ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. പിന്നാലെ കരമാർഗം റഷ്യൻ സൈനികർ യുക്രൈനിലേക്ക് പ്രവേശിക്കാനും ആരംഭിച്ചു. രണ്ട് ലക്ഷത്തോളം സൈനികരെയാണ് റഷ്യ യുദ്ധഭൂമിയിൽ വിന്യസിച്ചിരിക്കുന്നത്.

കീറിൽ ആറിടത്ത് മിസൈൽ ആക്രമണം നടന്നു. ക്രമറ്റോസ്‌കിലും വ്യോമാക്രമണം നടന്നു. വ്യോമാക്രമണത്തിൽ യുക്രൈൻ നടുങ്ങിയിരിക്കവെയാണ് കര മാർഗവും റഷ്യ ആക്രമണം തുടങ്ങിയത്. ജനങ്ങൾ സുരക്ഷിതരായി ഇരിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി നിർദേശിച്ചിട്ടുണ്ട്.

നാറ്റോ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ യുക്രൈൻ അതിർത്തിയിൽ കണ്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *