മേഘാലയയുടെ എട്ട് വിക്കറ്റുകൾ വീണു; രണ്ട് വിക്കറ്റ് അകലെ കേരളത്തിന് ഇന്നിംഗ്‌സ് വിജയം
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരായ മത്സരത്തിൽ കേരളം ഇന്നിംഗ്‌സ് ജയത്തിലേക്ക്. 357 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച മേഘാലയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ കേരളത്തിന് ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കാം. കേരളത്തിന്റെ ലീഡ് മറികടക്കണമെങ്കിൽ മേഘാലയക്ക് 209 റൺസ് കൂടി വേണം
ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം, ജലജ് സക്‌സേന എന്നിവർ ചേർന്നാണ് മേഘാലയയെ രണ്ടാമിന്നിംഗ്‌സിൽ തകർത്തത്. ബേസിൽ മൂന്നും ഏദനും ജലജും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി. ഉണ്ണികൃഷ്ണൻ ഒരു വിക്കറ്റെടുത്തു. 75 റൺസെടുത്ത ചിരാഗ് ഖുറാന മാത്രമാണ് മേഘാലയക്കായി മികച്ച പ്രകടനം കാഴ്ച വെച്ചത്. ഡിപ്പു 23 റൺസും ലാറി സാംഗ്മ 19 റൺസുമെടുത്തു.
എട്ട് വിക്കറ്റിന് 454 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളം ഒമ്പത് വിക്കറ്റിന് 505 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. കേരളത്തിനായി വത്സൻ ഗോവിന്ദ് മൂന്നാം ദിനം സെഞ്ച്വറി പൂർത്തിയാക്കി. 106 റൺസാണ് താരം നേടിയത്.
നേരത്തെ പൊന്നം രാഹുൽ 147 റൺസും രോഹൻ കുന്നുമ്മൽ 107 റൺസുമെടുത്തിരുന്നു. സച്ചിൻ ബേബി 56 റൺസും സിജോമോൻ ജോസഫ് 21 റമ്#സും ശ്രീശാന്ത് 19 റൺസുമെടുത്തു.