സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്; ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
കൊടുങ്ങല്ലൂരിൽ സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും പ്രതികൾ ശിക്ഷയായി ഒടുക്കണം. 2006 സെപ്റ്റംബർ 24നാണ് സംഭവം. രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രൻ, കിഷോർ, ഷാജി എന്നിവരെയാണ് ശിക്ഷിച്ചത്.
രാജുവിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. ഒന്നര മാസം മുമ്പ് വിവാഹിതനായ രാജു ഇവിടെ വിരുന്നിന് എത്തിയതായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ ബിജെപി, ആർ എസ് എസ് സംഘം രാജുവിനെ വെട്ടുകയായിരുന്നു
പ്രതികൾ വീടിന് മുന്നിൽ തന്നെ തമ്പടിച്ചതോടെ വീട്ടുകാർക്ക് രാജുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനും സാധിച്ചില്ല. പിന്നീട് വിവരം അറിഞ്ഞെത്തിയവർ ചേർന്നാണ് രാജുവിനെ ആശുപത്രിയിൽ എത്തിച്ചത്. രക്തം വാർന്നാണ് രാജു മരിച്ചത്.