യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി; ഇന്ത്യക്കാരുടെ മടക്കം വേഗത്തിലാക്കാൻ നടപടി
യുക്രൈനിൽ യുദ്ധസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാന സർവീസുകൾക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.
ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് വിമാന സർവീസുകൾ നടത്താൻ കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണ്.
യുക്രൈനിൽ തുടരുന്നത് അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാൻ നേരത്തെ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. പതിനെട്ടായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ ഉണ്ടെന്നാണ് അറിയുന്നത്.