ഖുർആൻ കോപ്പികൾ യു എ ഇ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും: കെ ടി ജലീൽ
തിരുവനന്തപുരം: മുൻ സർക്കാറിൽ വഖ്ഫ് മന്ത്രിയായിരുന്ന സമയത്ത്, റമസാൻ മാസത്തോടനുബന്ധിച്ച് ഇസ്ലാമിക സ്ഥാപനങ്ങളിലും മുസ്ലിംകൾക്കും വിതരണം ചെയ്യാൻ തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ കോൺസുലേറ്റിന് തന്നെ തിരിച്ചേൽപ്പിക്കുമെന്ന് കെ ടി ജലീൽ. സ്വർണക്കടത്ത് വിവാദ സമയത്ത് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഖുർആൻ്റെ പേരിൽ ജലീലിനെതിരെയും സർക്കാറിനെതിരെയും വ്യാപക പ്രചാരണങ്ങൾ നടത്തിയിരുന്നു. ഖുർആൻ്റെ മറവിൽ സ്വർണം കടത്തിയെന്നായിരുന്നു ആക്ഷേപം.
എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ യു എ ഇ കോൺസുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണർക്ക് രണ്ട് മെയ്ലുകൾ അയച്ചിരുന്നുവെന്നും അതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിതരണം ചെയ്യാൻ ഏറ്റുവാങ്ങിയവർ വിവിധ ഏജൻസികളാൽ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യത വർത്തമാന സാഹചര്യത്തിൽ തള്ളിക്കളയാനാവില്ല. ആർക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാൻ തനിക്കൊട്ടും താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ അവർക്ക് തന്നെ തിരിച്ച് നൽകാൻ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. അതുമായി ബധപ്പെട്ട് കോൺസുലേറ്റ് അധികൃതർക്ക് കത്തയച്ചിരുന്നെന്നും അദ്ദേഹം കുറിച്ചു.