അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ മരവിച്ച് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു
കാനഡ അതിർത്തിക്ക് സമീപം അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബൽദേവ് ഭായ് പട്ടേൽ, ഭാര്യ വൈശാലി ബെൻ, മക്കളായ വിഹാംഗി, ധർമിക് എന്നിവരാണ് മരിച്ചത്. 11, 3 വയസ്സ് പ്രായമുള്ളവരാണ് മക്കൾ.
ജനുവരി 19നാണ് യുഎസ്-കാനഡ അതിർത്തിയിൽ 12 മീറ്റർ മാത്രം അകലെയുള്ള മോണിറ്റോബയിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്. അതിശൈത്യത്തിൽ ഇവർ തണുത്ത് മരിച്ചതായാണ് പരിശോധനയിൽ വ്യക്തമായത്. ഗുജറാത്ത് സ്വദേശികളാണ് ഇവർ.
ഗുജറാത്തിലെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് സന്ദർശക വിസയിൽ ഇവർ കാനഡയിൽ എത്തിയത്. മനുഷ്യക്കടത്ത് സംഘം ഇവരെ അതിർത്തിക്ക് സമീപം ഇറക്കിവിട്ടതാകാമെന്നാണ് കരുതുന്നത്.