സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചു കൊന്നു; തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ
മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. 41കാരനായ സുരേഷാണ് സഹോദരി നിഷയുടെ(37) കൊലപാതകത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നിഷയെ പൂജപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടി സുരേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലൻസുമായി സുഹൃത്തുക്കൾ എത്തുമ്പോൾ നിഷ തറയിൽ കിടക്കുന്നതാണ് കണ്ടത്. കുളിമുറിയിൽ വീണ് പരുക്കേറ്റതായാണ് ഇയാൾ പറഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നിഷ മരിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് നിഷയുടെ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്ന് വ്യക്തമായത്. മുഖവും തുടയും അടിയേറ്റ് തകർന്നതായും പറയുന്നു. സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.