Thursday, January 9, 2025
Kerala

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും: മന്ത്രി വി ശിവൻകുട്ടി

 

സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം.

പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന് 10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.

വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നന്നത് അവർക്ക് രോഗം വരാതെ നോക്കുകയാണ്.

അൺ എയ്ഡഡ്, സിബിഎസ് ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന നിർദേശം വിദഗ്ധരിൽ പലരും മുന്നോട്ട് വെച്ചു’. എന്നാൽ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായി. മറ്റുകുട്ടികൾക്കും സ്കൂളുകളിൽ വെച്ച് തന്നെ വളരെ വേഗത്തിൽ വാക്‌സിൻ നൽകുമെന്നും’ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *