കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: നീതുവിനെ തെളിവെടുപ്പിന് എത്തിച്ചു
കോട്ടയം: വണ്ടിപ്പെരിയാർ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുത്ത സംഭവത്തിൽ പ്രതി നീതുവിനെ തെളിവെടുപ്പിന് എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിലും പ്രതി സ്റ്റെതസ്കോപ്പ് വാങ്ങിയ കടയിലും സ്വർണം പണയം വച്ച സ്ഥാപനത്തിലും എത്തിച്ച് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു.
അറസ്റ്റിലായ നീതുവിനെ നേരത്തെ ഏറ്റുമാനൂർ കോടതി തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കാമുകന്റെ കുട്ടിയാണെന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടിയാണ് നീതു കുട്ടിയെ ആശുപത്രിയിൽ നിന്നും തട്ടിയെടുത്തത്.
കുഞ്ഞിനെ കാണാതായ ഒന്നര മണിക്കൂറിനുള്ളിൽ പോലീസ് മെഡിക്കൽ കോളജിന് മുന്നിലെ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരുടെ കാമുകൻ ഇബ്രാഹിം ബാദുഷയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.