ഫ്രാങ്കോ കേസിലെ വിധി ആശ്ചര്യകരം; അപ്പീൽ പോകുമെന്ന് കോട്ടയം മുൻ എസ് പി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ് പി ഹരിശങ്കർ. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അപ്പീൽ പോകുമെന്ന് ഹരിശങ്കർ പറഞ്ഞു
സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചു. കൃത്യമായ മെഡിക്കൽ തെളിവുകൾ അടക്കമുള്ള ഒരു റേപ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായെന്നത് മാത്രമാണ് തിരിച്ചടിയായത്.
സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസമുണ്ടായത്. താൻ ജീവിച്ചിരിക്കണോയെന്നതുപോലും ബിഷപിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര മൊഴി നൽകിയത്. അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും ഹരിശങ്കർ പറഞ്ഞു.