Thursday, January 9, 2025
Health

പ്രസവശേഷമുള്ള സൗന്ദര്യസംരക്ഷണം; അറിയണം ചില സൂത്രപ്പണികൾ

 

മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രസവശേഷം തന്റെ ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുക എന്നത്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്ന ഭീതിയിൽ അമ്മയാവാൻ തയാറാവാത്ത നിരവധി സ്ത്രീകളുടെ കഥ പലപ്പോഴായി കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാതൃത്വത്തിലേക്കു കാലൂന്നുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തോടെ താൻ വാർധക്യത്തിലേക്ക് വഴുതി വീഴുമോ എന്ന ഭയമുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ചിന്തയാണ് ഇതെങ്കിലും ആ പേടിയാലാണ് ചിലർ അമ്മയാകാൻ വിസമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസവശേഷവും തന്റെ സൗന്ദര്യത്തെക്കുറിച്ചോർത്ത് വ്യാകുലപ്പടുന്ന സ്ത്രീകൾക്കായി ഇതാ ചില സൂത്രപ്പണികൾ…

∙ പഴയതെല്ലാം മറന്നേക്കൂ

ശരീര സൗന്ദര്യം സംരക്ഷിക്കാൻ എന്തും പരീക്ഷിക്കാൻ തയാറാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ഗർഭകാലത്തും പ്രസവശേഷവും നടത്താൻ പാടില്ല. ഗർഭധാരണത്തിനു മുൻപ് നമ്മൾ ഉപയോഗിച്ചുവന്നിരുന്ന എല്ലാ സൗന്ദര്യ വർധക വസ്തുക്കളും മരുന്നുകളും ശാരീരിക വ്യായാമങ്ങളും ഗർഭാവസ്ഥയിൽ ഉപേക്ഷിക്കണം. നമ്മുടെ ശരീരത്തിന് വ്യക്തമായ മാറ്റങ്ങൾ നടക്കുന്ന സമയമാണ് ഗർഭാവസ്ഥ. അപ്പോൾ രണ്ടു ജീവനുകളെയാണ് കരുതലോടെ കാക്കേണ്ടത്. അതിനാൽ നമ്മുടെ തെറ്റായ ശീലങ്ങൾ ദോഷകരമായി ബാധിക്കുക നമ്മുടെ കുഞ്ഞിനെയും കൂടിയായിരിക്കും. ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകളും ഭക്ഷണ സാധനങ്ങളും കഴിക്കില്ല എന്നതുപോലെ വിദഗ്ധരുടെ നിർദേശപ്രകാരമല്ലാതെ യാതൊരുവിധ സൗന്ദര്യ വർധക വസ്തുക്കളും ഈ സമയം ഉപയോഗിക്കരുത്. തൊലിപ്പുറത്ത് ഉപയോഗിക്കുന്ന ഒരു മോസ്ചറൈസർ ക്രീം പോലും ചിലപ്പോൾ നമ്മളെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ പഴയ ശീലങ്ങളെല്ലാം മറന്ന് പുതിയതു തുടങ്ങാനുള്ള സമയമായെന്നു മനസ്സിക്കാണം.

∙മസാജ് മാസാണ്

മുഖത്തും ശരീരഭാഗങ്ങളിലുമുള്ള മസാജാണ് ഈ സമയങ്ങളിൽ ഏറ്റവും നല്ല ഉപാധി. മസാജ് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും അതുവഴി കോശങ്ങളെ ഉണർവോടെ നിർത്തി യുവത്വം തോന്നിക്കാനും സഹായിക്കുന്നു. കൈയിലും കാലിലും മരവിപ്പ് വരുന്നത് ഗർഭ സമയത്ത് സ്വാഭാവികമാണ്. സ്ഥിരമായുള്ള മസാജ് ഇതിനെ മറികടക്കാൻ സഹായിക്കും. ഒപ്പം മുഖത്തും മസാജ് പരീക്ഷിക്കാം. മുഖത്തെ പേശികളെ പരിപോഷിപ്പിക്കാനും അതുവഴി മുഖത്തിന്റെ ഗ്ലോ നിലനിർത്താനും ഫേഷ്യൽ മസാജ് സഹായിക്കുന്നു. പാർലറികളിലോ മറ്റോ പോകാതെ വീട്ടിൽ ഇരുന്ന് ഭർത്താവിന്റെയോ സഹോദരങ്ങളുടെയോ സഹായത്തോടെ മസാജ് പരീക്ഷിക്കാം. കഴുത്തുപോലുള്ള പ്രധാന ഭാഗങ്ങളിൽ മസാജ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

∙ വ്യയാമം നിർബന്ധം

ചെറിയ ചെറിയ വ്യായാമങ്ങൾ അത്യാവശ്യമാണ്. അത് അമ്മയുടെ ശരീര സംരക്ഷണത്തോടൊപ്പം കുട്ടിയുടെ ആരോഗ്യത്തിലും നിർണായക പങ്കുവഹിക്കുന്നു. ഗർഭകാലത്ത് മിക്ക ഡോക്ടർമാരും വ്യായാമങ്ങൾ നിർദേശിക്കാറുണ്ട്. ഇവ മുറപോലെ പിൻതുടർന്നാൽ അത് പ്രസവ സമയത്തും തുടർന്നുള്ള ശരീര സംരക്ഷണത്തിലും നമുക്ക് ഗുണം ചെയ്യും.

∙ ഭക്ഷണം ശ്രദ്ധിക്കാം

എന്തും കഴിക്കാനുള്ള സമയമായി ഗർഭാവസ്ഥയെ കാണരുത്. ഭക്ഷണത്തിന് ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണ സാധനങ്ങൾ മെനുവിൽ ഉൾപ്പെടുത്താൻ തീർച്ചയായും ശ്രദ്ധിക്കുക. ആ സമയത്ത് നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചുതരാൻ എന്തു ഭക്ഷണ സാധനം വാങ്ങിത്തരാനും ഭർത്താവും വീട്ടുകാരും തയാറായിരുക്കും. എന്നാൽ അനാവശ്യമായ ഭക്ഷണവും ആരോഗ്യ പരമല്ലാത്ത ഭക്ഷണ രീതികളും ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരവും കാരണം ഗർഭശേഷം നിങ്ങളുടെ ശരീരത്തിന്റെ ആകാരവടിവും രൂപഭംഗിയും നഷ്ടപ്പെട്ടേക്കാം. അതിനാൽ ഡോക്ടർ നിർദേശിക്കുന്ന ഡയറ്റ് കൃത്യമായി പിന്തുടരുക. ബാക്കി ആഗ്രഹങ്ങളെല്ലാം സ്വയം നിയന്ത്രിക്കുക.

 

 

Leave a Reply

Your email address will not be published. Required fields are marked *