ബൈഡൻ അധികാരം കൈമാറി; 85 മിനിറ്റ് യുഎസ് ഭരിച്ച് കമല ഹാരീസ്: ചരിത്ര നിമിഷം
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻഷ്യൽ അധികാരം ലഭിക്കുന്ന ആദ്യ വനിതായി ഇന്ത്യൻ വംശജ കമല ഹാരീസ്. പ്രസിഡന്റ് ജോ ബൈഡൻ പതിവ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് വൈസ് പ്രസിഡന്റായ കമല ഹാരീസിന് അൽപനേരത്തേക്ക് അധികാരം കൈമാറിയത്. 85 മിനിറ്റോളം യുഎസ് കമലയുടെ നിയന്ത്രണത്തിലായിരുന്നു.
വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അല്പനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് ഹാരിസ് തന്റെ ചുമതലകൾ നിർവഹിച്ചതെന്ന് അധികൃതർ അറിയിച്ചു.
79-ാം ജന്മദിനത്തിന്റെ തലേന്നായിരുന്നു ബൈഡൻ കൊളോനോസ്കോപ്പി പരിശോധനയ്ക്ക് വിധേയനായത്. ബൈഡൻ ആരോഗ്യവാനാണെന്നും തന്റെ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തിന്റെ കഴിയുമെന്നും ഓപ്പറേഷന് ശേഷം ബൈഡന്റെ ഡോക്ടർ പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയില്ലെന്ന് ബൈഡന്റെ ഫിസീഷ്യനും പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ താത്ക്കാലിക അധികാര കൈമാറ്റം അഭൂതപൂർവമായ ഒന്നല്ലെന്നും യുഎസ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. ജോര്‍ജ്. ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ 2002ലും 2007ലും സമാനമായ അധികാര കൈമാറ്റം നടന്നിരുന്നു.