ഇടുക്കി ഡാം വീണ്ടും തുറന്നു; ഒരു വർഷത്തിൽ മൂന്നാം തവണ തുറക്കുന്നത് ചരിത്രത്തിലാദ്യം
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ വീണ്ടുമുയർത്തി. നാൽപത് സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതാദ്യമായാണ് ഇടുക്കി ഡാമിന്റെ ഷട്ടർ ഒരു വർഷത്തിൽ മൂന്നാം തവണയും ഉയർത്തേണ്ടി വരുന്നത്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടർ അറിയിച്ചു.