Friday, January 24, 2025
National

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കം 11 രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയേറ്റുന്നു. ലോകത്തെ രണ്ട് സുപ്രധാന മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് ഈയിടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പാരിസ്ഥിതിക വ്യതിയാനവും അവ ലോക രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നത്. അടുത്ത മാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (COP26) മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയെ ബാധിക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളും കാലാവസ്ഥാ മാറ്റവും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഇതാദ്യമായാണ് കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്ന 27 പേജുള്ള റിപ്പോര്‍ട്ട് ഫോസില്‍ ഇന്ധനത്തെ കാര്യമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധി ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. അറബ് രാജ്യങ്ങള്‍ പെട്രോളിയത്തെ ആശ്രയിച്ചാണ് അവരുടെ സമ്പത്ത് ഘടനയെതന്നെ നിലനിര്‍ത്തുന്നത്. ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളുമാണ് ഗുരുതരമായ പ്രതിസന്ധിയെ നേരിടുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, മ്യാന്‍മര്‍, ഉത്തര കൊറിയ എന്നീ ആറ് ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. മധ്യ അമേരിക്ക, കരീബിയ എന്നിവിടങ്ങളിലുള്ള ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. മധ്യ ആഫ്രിക്ക, പസഫിക്കിലെ ചെറിയ രാജ്യങ്ങള്‍ എന്നിവയും ഗുരുതരമായ പ്രതിസന്ധിയെ നേരിടേണ്ടിവരും. ഈ രാജ്യങ്ങള്‍ ഊര്‍ജം, ഭക്ഷണം, ജലം, ആരോഗ്യം, സുരക്ഷ എന്നീ വിഷയങ്ങളില്‍ അതിഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാനും അസ്ഥിരത സൃഷ്ടിക്കാനും കാലാവസ്ഥാ വ്യതിയാനം കാരണമാവും. ഉഷ്ണ തരംഗം, വരള്‍ച്ച എന്നിവ വൈദ്യുതി വിതരണം അടക്കമുള്ള മേഖലകളെ സാരമായി ബാധിക്കും. ഇതോടൊപ്പമുണ്ടാവുന്ന അഭയാര്‍ത്ഥി പ്രവാഹം ലോകത്തെ മൊത്തമായി ബാധിക്കാനും ഇടയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *