Saturday, October 19, 2024
Kerala

ഇടുക്കി ഡാം തുറക്കുന്നു; മീന്‍പിടിത്തം, കുളി, തുണി അലക്ക് പാടില്ല, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് നിരോധിച്ചു

ഇടുക്കി: അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാണ്. ഏറ്റവുമധികം ക്യാംപുകള്‍ ഇടുക്കി വില്ലേജിലാണ്. ഫയര്‍ഫോഴ്‌സ്, പോലിസ്, റവന്യൂ വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എസ് സുപ്രിയ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചുമിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം ഒഴുകിവരുന്ന പ്രദേശത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിലുണ്ടാവുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചുകടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍പിടിത്തം പാടില്ല.

നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാവുമെന്നതിനാല്‍ കടല്‍തീരത്തും ജാഗ്രത വേണം. പൊതുജനങ്ങള്‍ പോലിസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.