Thursday, January 23, 2025
Kerala

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ശരിവച്ച് ഹൈക്കോടതി

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്‍റെ നടപടി. അധ്യാപക നിയമനങ്ങളില്‍ സംവരണം നിശ്ചയിച്ച രീതിയിൽ തെറ്റില്ലെന്ന് കോടതി ചൂണ്ടികാട്ടി.

 

വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിർണയിക്കാനുള്ള കേരള സർവകലാശാല ആക്ട് ഭേദഗതി സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷൻബെഞ്ചില്‍ സര്‍ക്കാരും സര്‍വകലാശാലയും അപ്പീല്‍ നല്‍കിയത്. സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ലന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സിംഗിൾ ബഞ്ച് നിരീക്ഷണം. വിവിധ വകുപ്പുകളിലെ ഒറ്റ തസ്തികയായ പ്രഫസർമാരുടെ നിയമനത്തിൽ സംവരണം പാലിക്കാനായിരുന്നു 2014ൽ നിയമഭേദഗതി നടപ്പിലാക്കിയത്.

നിയമ ഭേദഗതിയിലൂടെ എല്ലാ വകുപ്പുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയപ്പോൾ ചില വകുപ്പുകളിൽ സംവരണ വിഭാഗക്കാരും ചില വകുപ്പുകളിൽ സംവരണമില്ലാത്ത വിഭാഗക്കാർ മാത്രമായും നിയമിക്കപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോർ സോഷ്യൽ സർവയലൻസ് എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്.

എന്നാല്‍ വിവിധ വകുപ്പുകളിലെ പ്രഫസര്‍മാര്‍, അസോ. പ്രഫസര്‍മാര്‍, അസി. പ്രഫസർമാർ എന്നിവരെ പ്രത്യേകം കാറ്റഗറിയായിട്ടാണ് പരിഗണിക്കുന്നതെന്നും ഒരേ കാറ്റഗറിയിലുള്ളവരുടെ യോഗ്യതയും, ജോലിയും ശമ്പളവുമെല്ലാം സമാനമായതിനാല്‍ ഇത്തരത്തില്‍ കണക്കാക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ അപ്പീലിലൂടെ കോടതിയെ അറിയിച്ചത്. സംവരണത്തെ കുറിച്ചുള്ള സിംഗിൾബെഞ്ച് വിലയിരുത്തൽ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സര്‍ക്കാരും സര്‍വകലാശാലയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ച് നിയമനം ശരിവച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *