Friday, January 10, 2025
Kerala

നായികയെ കിട്ടി ഗയ്സ്; ജീവിതം സിനിമയാക്കാനൊരുങ്ങി ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍

തങ്ങളുടെ സംഭവബഹുലമായ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവർ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ഇപ്പോള്‍ സിനിമക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്‍മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്‍റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ആഗസ്​ത്​ ഒമ്പതിനായിരുന്നു വ്ലോഗര്‍മാരായി എബിനെയും ലിബിനെയും പൊലീസ് കസ്​റ്റഡിയിലെടുത്തത്. കലക്​ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്​റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

തുടർന്ന്​ കസ്​റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്​തു.​ അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഈയിടെ ഇവരുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചിരുന്നു. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്‍റെ രജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്. ജോയിന്‍റ് ആർ.ടി.ഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി. നെപ്പോളിയൻ എന്ന് പേരിട്ട ടെംമ്പോ ട്രാവലറാണ് ഇവരുടെ വാഹനം. ഇ ബുൾ ജെറ്റ് എന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനലിന് 20 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *