സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തിലെത്തി; അഞ്ച് ജില്ലകളില്‍ 100 ശതമാനത്തിനടുത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. 90 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു. അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ 100 ശതമാനത്തിനടുത്തെത്തി. കൊവിഡ് പ്രതിരോധിക്കുന്നതിലും വാക്‌സിനേഷനിലും മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. സാമൂഹിക പ്രതിരോധം തീര്‍ക്കുന്നതില്‍ മികച്ച നേട്ടമാണ് കൈവരിക്കാനായത്. ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടി പി ആര്‍ ഒഴിവാക്കിയത് വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്‌സിനേഷന് വിമുഖത കാണിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ വാക്‌സീന്‍ എടുക്കാത്തവരിലാണ്. രണ്ടാം തരംഗം തീവ്രത കടന്നു നില്‍ക്കുന്നതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കൂടിച്ചേരലുകളും പൊതു പരിപാടികളും ഒഴിവാക്കണം. ഡെങ്കി 2 പുതിയ വകഭേദം പടരുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയ മന്ത്രി സ്‌കൂള്‍ തുറക്കുന്നത് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തമ്മില്‍ ആലോചിക്കുമെന്ന് പറഞ്ഞു.