നെല്ലിയമ്പം ഇരട്ടകൊലപാതകകേസില്‍ അറസ്റ്റിലായ പ്രതി അര്‍ജുനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു
പ്രമാദമായ താഴെനെല്ലിയമ്പം ഇരട്ടകൊലപാതകകേസില്‍ അറസ്റ്റിലായ പ്രതി അര്‍ജുനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊലപാതകം നടന്ന പത്മാലയം കേശവന്‍മാഷിന്റെ വീട്ടിലാണ് പോലീസ് ആദ്യം പ്രതിയെ എത്തിച്ചത്. തുടര്‍ന്ന്, കൊലനടത്താനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനായി പോലീസ് പ്രതി അര്‍ജുനെ ഇയാള്‍ താമസിക്കുന്ന വീട്ടിലും എത്തിച്ചു. വീടിനോടു ചേര്‍ന്ന് ആയുധം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയത്. ആയുധം പ്രതി പോലീസിനു കാണിച്ചുകൊടുത്തു. വിലങ്ങണിയിച്ച് സായുധരായ പോലീസിന്റെ അകമ്പടിയോടെയാണ് പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്. കൃത്യം നടത്തിയ വിധവും പ്രതി പോലീസിനോടു വിവരിച്ചു. പ്രതിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പിനിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. നിര്‍വികാരനായി മുഖംകുനിച്ചാണ് പ്രതി അര്‍ജുന്‍ ജനക്കൂട്ടത്തിനിടയിലൂടെ പോലീസ് അകമ്പടിയോടെ നടന്നു നീങ്ങിയത്.