രണ്ട് യുവതികള്‍ ഒരാളെ പ്രണയിച്ചു; ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത്
രണ്ട് യുവതികള്‍ ഒരേ വ്യക്തിയെ വിവാഹം കഴിക്കാന്‍ അവകാശവാദമുന്നയിച്ചതോടെ ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ സക്‌ലേഷ്പൂര്‍ താലൂക്കിലാണ് സംഭവം. 27 കാരനായ യുവാവിനെ രണ്ട് യുവതികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്.
ഒരു വര്‍ഷം മുമ്പാണ് സക്‌ലേഷ്പൂര്‍ ഗ്രാമത്തിലെ 27 വയസുകാരനായ യുവാവ് അയല്‍ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്. ഇരുവരും ഇടക്കിടെ കണ്ടുമുട്ടുകയും നഗരത്തില്‍ പോയി ഒരുമിച്ച് ഷോപ്പിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആറുമാസം മുമ്പ് ഇതേ യുവാവ് സമപ്രായക്കാരിയായ മറ്റൊരു യുവതിയുമായി സൗഹൃദത്തിലായി. ഇരുവരുമായി ഒരുപോലെ യുവാവ് ബന്ധം തുടര്‍ന്നു. എന്നാല്‍ രണ്ട് യുവതികളും തങ്ങളുടെ കാമുകന്‍ മറ്റൊരാളെ പ്രണയിക്കുന്നത് പരസ്പരം അറിഞ്ഞിരുന്നില്ല.
അതിനിടെ യുവാവിന്റെ ബന്ധുക്കളിലൊരാള്‍ ഇയാളെ ഒരു പെണ്‍കുട്ടിക്കൊപ്പം കാണുകയും അദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയും ചെയ്തു. താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് അയാള്‍ കുടുംബത്തെ അറിയിച്ചെങ്കിലും അത് നിരസിച്ച പിതാവ് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹമുറപ്പിച്ചു.
ഇതറിഞ്ഞ പെണ്‍കുട്ടികളിലൊരാള്‍ യുവാവുമായുള്ള തന്റെ ബന്ധം വീട്ടിലറിയിച്ചു. വിവാഹാലോചനക്കായി യുവതിയുടെ ബന്ധുക്കള്‍ ഇയാളുടെ വീട്ടിലെത്തി. അതിനിടെ രണ്ടാമത്തെ യുവതിയും സംഭവമറിഞ്ഞ് തന്റെ വീട്ടുകാരെയും വിവാഹാലോചനക്കായി ഇയാളുടെ വീട്ടിലേക്കയച്ചു. ത്രികോണപ്രണയത്തില്‍ യുവാവിന്റെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് വിഷയം പഞ്ചായത്തിന്റെ മുമ്പിലെത്തിയത്.
ഒരു മാസം മുമ്പ് പഞ്ചായത്ത് ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരം കാണാനായില്ല. യുവതികള്‍ തമ്മില്‍ നീണ്ടനേരം പരസ്പരം വാഗ്വാദം നടത്തിയെങ്കിലും ഒരുക്ഷരം പോലും മിണ്ടാന്‍ യുവാവ് തയ്യാറായില്ല. പഞ്ചായത്ത് പിരിഞ്ഞതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്ന് കരുതി യുവാവ് ആദ്യം പ്രണയിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വീണ്ടും പഞ്ചായത്ത് ചേര്‍ന്നാണ് ടോസിട്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തീരുമാനിച്ചത്. ടോസില്‍ ആദ്യം പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ യുവാവ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതൊരു സിനിമാ കഥപോലെ തോന്നുമെങ്കിലും എല്ലാവര്‍ക്കും ഇതില്‍ പാഠമുണ്ടെന്ന് ഒരു മുതിര്‍ന്ന ഗ്രാമീണന്‍ പറഞ്ഞു.