നിപ ഉറവിടം അവ്യക്തം; കുട്ടി ചികിൽസ തേടിയത് അഞ്ച് ആശുപത്രികളിൽ, റൂട്ട് മാപ്പ് പുറത്ത്
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ആഗസ്ത് 27 മുതൽ സെപ്തംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ആഗസ്ത് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ആഗസ്ത് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിൽസക്ക് എത്തി. ആഗസ്ത് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.
നിപ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിൽസ തേടിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു.