സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയുമായി സർക്കാർ; പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതി
സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള ആലോചനയുമായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും സർക്കാർ ഇത് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമാകും സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും. വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന് ശേഷമാകും സമിതിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്ത് തീരുമാനമെടുക്കുക.