Thursday, January 9, 2025
Kerala

പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍

 

കോഴിക്കോട്: പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ വിദഗ്ധര്‍. പ്ലസ്‍വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്കൂളുകളിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60 ആകും. കോവിഡ് സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും കുട്ടികളുടെ എണ്ണക്കൂടുതല്‍ വലിയ വെല്ലുവിളിയെന്ന് അധ്യാപകരും ഈ രംഗത്തെ വിധഗ്ധരും പറയുന്നു. സീറ്റ് കൂട്ടുകയല്ല ബാച്ച് കൂട്ടുകയാണ് വേണ്ടതെന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ചെയര്‍മാനായ പ്രൊഫസർ പിഒജെ ലബ്ബ മാധ്യമങ്ങളോട് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 50 കുട്ടികള്‍ മാത്രമെ പാടുളളൂ എന്നായിരുന്നു പ്രൊഫസർ പിഒജെ ലബ്ബ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.

കുട്ടികളുടെ എണ്ണം പെരുകുന്നത് പഠന നിലവാരത്തെ ബാധിക്കും. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കാനുമാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് വിഭാഗത്തിന് 12 മൈക്രോസ്കോപ്പുകളാണ് ഉള്ളത്. ഒരു മൈക്രോസ്കോപ്പ് ഉപയോഗിക്കുന്നത് അഞ്ച് വിദ്യാർത്ഥികൾ.

Leave a Reply

Your email address will not be published. Required fields are marked *