അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തിരിതെളിയും
അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. സെപ്തംബർ 5 വരെ നീളുന്ന പാരാലിമ്പിക്സിൽ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക”യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്പിക്സ് ടോക്കിയോവിൽ അരങ്ങേറുന്നത്.
135 രാജ്യങ്ങളിൽ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്പിക്സിൽ മത്സരിക്കുക.22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളിൽ മെഡലുകൾ നിർണയിക്കപ്പെടും. ബാഡ്മിൻറണും തയ്ക്ക്വാണ്ടോയുമാണ് പുതിയ ഇനങ്ങൾ. ‘നമുക്ക് ചിറകുകൾ ഉണ്ട്’ എന്ന ആശയം ഉയർത്തിപ്പിടിച്ചുള്ള ഉദ്ഘാടനച്ചടങ്ങുകൾ ഏത് വിധത്തിൽ കാറ്റ് വീശിയാലും ചിറക് വിടർത്താൻ ശ്രമിക്കുന്ന പാരാലിമ്പ്യന്മാരുടെ ധൈര്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നു.
ജീവിതവഴിയിൽ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടി ലോക വേദിയിൽ വിജയം രചിച്ച ഒട്ടേറെ അത്ലറ്റുകൾ ഇത്തവണത്തെ പാരാലിമ്പിക്സിനുണ്ട്. പതിനാലാം വയസ്സില്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടും 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോകറെക്കോഡുകാരിയായ അമേരിക്കൻ പെൺകുട്ടി അനസ്താസിയ പഗോണിസ്, 1978-ലുണ്ടായ വീഴ്ചയെ തുടര്‍ന്ന് വീല്‍ച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അത്ലറ്റിക്സ് -സൈക്ലിങ്ങ് താരം 63 കാരൻ ഹെയ്ന്‍സ് ഫ്രീ,പതിനാറാം വയസ്സില്‍ കാലിലെ പരിക്കിനുള്ള ചികിത്സയ്ക്കിടെ ശരീരം തളര്‍ന്നുപോയ നോര്‍വേയുടെ റോവിങ് താരം ബിര്‍ജിറ്റ് സ്‌കാര്‍സ്റ്റീന്‍ എന്നിവർ ടോക്കിയോ പാരാലിമ്പിക്സിലെ വേറിട്ട കാഴ്ചകളാകും.
മാരിയപ്പൻ തങ്കവേലു ഉൾപ്പടെ 5 ഇന്ത്യൻ അത്ലറ്റുകളും നാല് ഉദ്യോഗസ്ഥരുമടക്കം 9 പേരാണ് ഉദ്ഘാടന ചടങ്ങിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ജാപ്പനീസ് ചക്രവർത്തി നരുഹിതോ പാരാലിമ്പിക്സ് ഉദ്ഘാടനപ്രഖ്യാപനം നടത്തും. ഷൂട്ടിംഗിൽ രണ്ട് ഇനങ്ങളിൽ മത്സരിക്കുന്ന തിരുവനന്തപുരത്തുകാരൻ സിദ്ധാർത്ഥ ബാബുവാണ് 54 അംഗ ഇന്ത്യൻ ടീമിലെ ഏക മലയാളി.
സെപ്തംബർ ഒന്നിനും സെപ്തംബർ അഞ്ചിനുമാണ് സിദ്ധാർത്ഥ ബാബുവിന്റെ മത്സരങ്ങൾ.കഴിഞ്ഞ തവണത്തെ റിയോ പാരാലിമ്പിക്സിൽ 19 അത്ലറ്റുകളാണ് രാജ്യത്തിനായി മത്സരിച്ചത്.രണ്ട് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2016ൽ ഇന്ത്യ കാഴ്ചവച്ചത്.