Tuesday, April 15, 2025
Top News

പ്രീസീസൺ: ആദ്യ പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങിയത്. എന്നാൽ പേരു കേട്ട ബ്ലാസ്റ്റേഴ്‌സിന്‍റെ പെരുമയെ ഭയക്കാതെ മികച്ച പ്രകടനമാണ് ബിനു ജോർജിന്റെ കുട്ടികൾ പുറത്തെടുത്തത്.

രണ്ടാംപകുതിയിൽ കോച്ച് വുകോമനോവിച്ച് സന്ദീപ്, ധനചന്ദ്ര മീഠെ, ആയുഷ് അധികാരി, വിൻസി ബരറ്റോ, ശ്രീക്കുട്ടൻ, ഗിവ്‌സൺ, ബിജോയ് തുടങ്ങിയ കളിക്കാർക്കും അവസരം നൽകി. കളി അവസാനിക്കുന്നതിന്റെ മുമ്പ് ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം കുലുങ്ങിയില്ല. മധ്യനിരയില്‍ കളി മെനയാന്‍ മികച്ച പ്ലേമേക്കറില്ലാത്തതിന്‍റെ അഭാവം ബ്ലാസ്റ്റേഴ്സില്‍ നിഴലിച്ചു കണ്ടു. ഖബ്ര നേതൃത്വം നല്‍കിയ പ്രതിരോധം മികച്ചു നിന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല.

ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി ജീക്‌സൺ സിങ്, വിദേശ താരങ്ങളായ എനസ് സിപോവിച്ച്, ലുന എന്നിവർ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *