ദുർഗാപൂജയ്ക്കായി കൊൽക്കത്തയിൽ സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കായി ഒരുങ്ങുന്നത് സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം. ഇരുപത് ഗ്രാം സ്വർണമുപയോഗിച്ചാണ് മാസ്‌ക് നിർമിച്ചിരിക്കുന്നത്.
സ്വർണ മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവി വിഗ്രഹത്തിന്റെ കൈകളിലേന്തും. സാധാരണയായി വിഗ്രഹത്തിൽ കാണാറുള്ള ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും തെർമൽ സ്‌കാനറുമൊക്കെയായിരിക്കും കൈകളിൽ
അതേസമയം ദേവിയെ സ്വർണമാസ്‌ക് അണിയിക്കുന്നതിനാൽ സ്വർണമാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് കരുതരുതെന്ന് തൃണമൂൽ എംഎൽഎ അദിതി മുൻഷി പറഞ്ഞു. പെൺമക്കളെ സ്വർണത്തിൽ പൊതിയാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതാണ് സ്വർണ മാസ്‌കിന് പിന്നിൽ. കൊവിഡിനെ അകറ്റി നിർത്താൻ മാനദണ്ഡങ്ങൾ തന്നെ പാലിക്കണമെന്നും അദിതി മുൻഷി പറഞ്ഞു.