Thursday, April 10, 2025
Sports

ടോക്യോ ഒളിമ്പിക്സ്: റിലേയിലും പുറത്ത്; അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ

ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ. 4*400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സീസണിലെ മികച്ച സമയമായ 3.19.93 കണ്ടെത്താൻ ഇന്ത്യൻ സംഘത്തിനായെങ്കിലും ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല. രണ്ട് ഹീറ്റ്സുകളിൽ ഓരോ ഹീറ്റിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും മറ്റ് ടീമുകളിൽ മികച്ച സമയം കുറിച്ച രണ്ട് സംഘങ്ങൾക്കും മാത്രമേ ഫൈനൽ പ്രവേശനം ലഭിക്കൂ.

നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്തായിരുന്നു. ഹീറ്റ് അഞ്ചിൽ, 11.54 സെക്കൻഡിൽ ഏഴാമതായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. തൻ്റെ ദേശീയ റെക്കോർഡ് ആയ 11.17 സെക്കൻഡ് പോലും താണ്ടാനാവാതെയാണ് ദ്യുതി ടോക്യോയിൽ നിന്ന് മടങ്ങുന്നത്. ആകെ 54 മത്സരാർത്ഥികളിൽ 45ആമതാണ് ദ്യുതി ഫിനിഷ് ചെയ്തത്. 10.84 സെക്കന്‍ഡിൽ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ആണ് ഹീറ്റ്സിൽ ഒന്നാമത് എത്തിയത്.

നേരത്തെ, 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഏഴ് പേരുടെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

 

അതേസമയം, ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. 8 ഗോളുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാൻ മുട്ടുമടക്കിയത്.

 

വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങിനെ നേരിടും. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18.

 

Leave a Reply

Your email address will not be published. Required fields are marked *