Thursday, January 23, 2025
Top News

ജൂലൈ 29 ലോക ഒആര്‍എസ് ദിനം; കുഞ്ഞുങ്ങളെ രക്ഷിക്കാം പാനീയ ചികില്‍സയിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തല്‍ ഈ വര്‍ഷത്തെ ഒആര്‍എസ് ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗനിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് ലോക ഒആര്‍എസ് ദിനം ആചരിക്കുന്നത്.

ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഒആര്‍എസ് പാനീയ ചികില്‍സ

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികില്‍സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികില്‍സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാവുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു.

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികില്‍സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒആര്‍എസ് ലായനി വളരെ പ്രധാനം

ഒആര്‍എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒആര്‍എസ് നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.

ഡോക്ടറുടെയോ ആരോഗ്യപ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അമിതമായ വയറിളക്കം, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞുതാണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *