ത്യാഗ സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നിസ്ക്കാരവും ബലിയറുക്കലും.
ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. പ്രവാചകന് ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്കാരം.
ദൈവത്തിന്റെ കല്‍പ്പന പ്രകാരം മകന് ഇസ്മായിലിനെ ബലി നല്കാന് തയ്യാറായായ പ്രവാചകന് ഇബ്രാഹിമിന്റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അള്ഹയുടെ സന്ദേശം. കല്‍പ്പന അനുസരിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയോട് മകന് പകരം ആടിനെ അറുക്കാന്‍ നിര്‍ദ്ദേശിച്ചതാണ് ചരിത്രം.
കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതുകൊണ്ട് പതിവ് ഈദ് ഗാഹുകള്‍ ഇത്തവണയുണ്ടാവില്ല. പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്ക്കാരത്തിന് ശേഷം വിശ്വാസികള്‍ ബലികര്‍മ്മം നടത്തും.