സി കെ ജാനുവിന് 25 ലക്ഷം രൂപ കൂടി ലഭിച്ചു; എത്ര ചോദിച്ചാലും സുരേന്ദ്രൻ നൽകുമായിരുന്നുവെന്ന് പ്രസീത
സി കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം രൂപ കൂടി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് ലഭിച്ചുവെന്ന് ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. എത്ര പണം ചോദിച്ചാലും തരാൻ കെ സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും പ്രസീത പറഞ്ഞു
കെ സുരേന്ദ്രനുമായുള്ള പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയാണ്. കെ സുരേന്ദ്രനുമായി സംസാരിച്ചതിന് തൊട്ടടുത്ത ദിവസമാണ് കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയത്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പണം കൊണ്ടുവന്നത്. തുണി സഞ്ചിയിലാണ് പണം എത്തിച്ചത്.
തുണി സഞ്ചിക്ക് മുകളിൽ ചെറുപഴവും മറ്റുമായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്, സ്ഥാനാർഥിക്ക് കൊടുക്കാൻ എന്നാണ് പ്രശാന്ത് പറഞ്ഞത്. ഒരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സി കെ ജാനു വന്ന് സഞ്ചി വാങ്ങി
എൻ ഡി എയുമായി പാർട്ടിക്ക് ഇനി ബന്ധമുണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സി കെ ജാനുവിനെ സംബന്ധിച്ച് ഞങ്ങൾക്കൊരു പുകഞ്ഞ കൊള്ളിയാണെന്നും പ്രസീത പറഞ്ഞു