Thursday, January 23, 2025
Kerala

അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളി: അക്കൗണ്ടിൽ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് രക്ഷിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗെയിം ലഹരിയായ വിദ്യാർഥി, ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാർത്ഥി ചാർജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം കണക്കിലെടുത്ത് ഓൺലൈൻ ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പോലീസ്. അടുത്ത ആഴ്ചയോടെ ബോധവത്കരണ പരിപാടികൾ ആരംഭിക്കുമെന്ന് എസ് പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *